Monday 23 August 2021

Dr poems

bharatheeyam cover upload.jpg


 

 

ഭാരതീയം
സംഗീതകാവ്യം
ഡോ. കെ.ജി. ബാലകൃഷ്ണൻ


 

ഡോ. കെ.ജി. ബാലകൃഷ്ണൻ
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ കയ്പമംഗലം ഗ്രാമത്തിൽ 1944 ൽ ജനനം. അച്ഛൻ കണ്ടങ്ങത്ത് ഗംഗാധരൻ മാസ്റ്റർ. അ കെ. കെ. സുലോചന. കയ്പമംഗലം ആർ. സി. യു. പി. സ്‌കൂൾ, പെരിഞ്ഞനം ആർ. എം. ഹൈസ്‌കൂൾ, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളിൽ പഠനം. ആരോഗ്യവകുപ്പിൽ അസിസ്റ്റൻറ് സർജൻ, സിവിൽ സർജൻ, ഗവ: ആസ്പത്രി മെഡിക്കൽ സൂപ്രണ്ട് എന്നീ തസ്തികകൾ വഹിച്ചു. കാട്ടൂർ ഗവ: ആസ്പത്രി സൂപ്രണ്ടായിരിക്കേ സർീസിൽ നിന്ന് 1999ൽ വിരമിച്ചു. ഇപ്പോൾ കാട്ടൂരിൽ സ്ഥിരതാമസം. 1960 കളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരിക്കേ ആകാശവാണിയിൽ സ്വന്തം കവിത അവതരിപ്പിച്ചിരുന്നു. കൂടാതെ ആ കാലയളവിൽ ആകാശവാണിക്കുവേണ്ടിയും മെഡിക്കൽ കോളേജ് ആർട്ട്‌സ് ക്ലബിനുവേണ്ടിയും ലളിതഗാന രചന നടത്തിയിരുന്നു. 10ാം വയിൽ സംസ്‌കൃതപഠനം തുടങ്ങി. 12ാം വയ മുതൽ കവിതകൾ എഴുതിത്തുടങ്ങി. സ്‌കൂൾ കോളേജ് മാഗസിനുകളിൽ പ്രസിദ്ധം ചെയ്തു. 1966ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആദ്യകവിത പ്രസിദ്ധം ചെയ്തു. പിന്നീട് 1972 വരെ തുടർച്ചയായി ആനുകാലികങ്ങളിൽ (മാതൃഭൂമി, അന്വേഷണം, ജനയുഗം) കവിതകൾ എഴുതിയിരുന്നു. 1982 ൽ ഹൃദയാഘാതം അതെങ്ങനെ ഒഴിവാക്കാം? എന്നൊരു ശാസ്ത്രഗ്രന്ഥം തരംഗിണി ആഴ്ചപ്പതിപ്പിൽ ഖശ: പ്രസിദ്ധം ചെയ്തു.
കൃതികൾ: സംവേദനം (കവിതകൾ), സംശ്ലേഷണം (കവിതകൾ), ത്രയം (കാവ്യം), സമന്വയം (കവിതകൾ), ലബ് ഡബ് (കവിതകൾ), ലയം (കവിതകൾ), വർത്തമാനത്തിന്റെ സാക്ഷി (കവിതകൾ), അഗ്നിഗീതം (കവിതകൾ).
    അംഗീകാരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഇരിങ്ങാലക്കുട) സ്മാരകോപഹാരം 2008
    ഭാര്യ ലളിത. മക്കൾ ഗംഗേഷ്, ജഗദീഷ്. മരുമക്കൾ സ്മിത, സ്വീറ്റി. പേരക്കിടാവ് ലക്ഷ്മി. വിലാസം: കണ്ടങ്ങത്ത്, പി.ഒ. കാട്ടൂർ, തൃശൂർ680702. ഫോൺ: 04802877447. മൊബൈൽ: 9447320801


 

 

ഡോ. ബാലകൃഷ്ണന്റെ കൃതികൾ:
സംവേദനം (കവിതകൾ)    2006
സംശ്ലേഷണം (കവിതകൾ)   2006
ത്രയം (കാവ്യം) 2007
സമന്വയം (കവിതകൾ) 2007
ലബ് ഡബ് (കവിതകൾ)    2008
ലയം (കവിതകൾ)    2008
വർത്തമാനത്തിന്റെ സാക്ഷി (കവിതകൾ)    2009
അഗ്നിഗീതം - ജ്ഞാനകാണ്ഡം (കവിതകൾ)    2009
ആന്ദോളനം (കവിതകൾ)    2010
അഗ്നിഗീതം - ഉപാസനാകാണ്ഡം (കവിതകൾ) 2011
The Waves of the Ganga (English Poems)                                          2012
Listed and marketed globally by Amazon
The Hues of the Himalaya (English Poems)                                       2013
Listed and marketed globally by Amazon
My Muses (English Poems)                                                                    2013
Listed and marketed globally by Amazon
The Australian Plant and other Poems (English Poems)                2013
Listed and marketed globally by Amazon
ത്രയം (കാവ്യം) - Audio CD
രചന, സംഗീതം, ആലാപനം : ഡോ. കെ.ജി. ബാലകൃഷ്ണൻ
കുറുക്കൻ@കുറുക്കൻ.കോം (കവിതകൾ) 2014
The Why (English Poems)                                                                      2015
Listed and marketed globally by Amazon
Bharatheeya Kavitha - Vol. I (English Poems)  2016
Listed and marketed globally by Amazon
സ്വരബിന്ദു (കാവ്യം)  2016 Listed and marketed globally by Amazon
ഭാരതഗീതം (സംഗീതകാവ്യം) 2016 Listed and marketed globally by Amazon
ഗുരുപർവ്വം (പഠനം)  2016  Listed and marketed globally by Amazon
ഭാരതീയം (സംഗീതകാവ്യം) 2017 Listed and marketed globally by Amazon


 

അവതാരിക
സി. രാധാകൃഷ്ണൻ
                                                                                                        radhakrishnan.jpg
പലതരം കടലുകൾ ഉണ്ടല്ലോ. ആഴമുള്ളതും ഇല്ലാത്തതും, തിരയുള്ളതും ഇല്ലാത്തതും, നീലയും ചുവപ്പും, മഞ്ഞയായതും ആവാത്തതും.
അതുപോലെ കവിതയും പലതുണ്ട്. കടലെല്ലാം കടലായതുപോലെ കവിതയും ആകാം. പക്ഷേ ശാന്തവും അഗാധവും ആയതാണ് യഥാർത്ഥ സാഗരം, കവിതയും.
ഈ കവിതകൾ ശാന്തവും അഗാധവും ആകുന്നു. എന്നുവെച്ച് ഇവയിൽ ശബ്ദമില്ല എന്നല്ല. ഉണ്ട്. പക്ഷേ ഒരു ഓങ്കാരധ്വനിയാണ്. കോലാഹലമില്ല. ലയസംഗീതമാണ്. ഇവയിൽ ചലനം ഇല്ലെന്നല്ല. ഉണ്ട്. പ്രപഞ്ച സ്പന്ദനത്തിന്റെ പ്രശാന്തമായ അലയിളക്കം. ഉപ്പ്. അനുഭവങ്ങൾ ഇതിലേക്ക് നിപതിക്കുന്നു. പ്രാപ്യസ്ഥാനം അതാണല്ലോ. അവിടെ ഓരോ അനുഭവത്തിനും അതിന്റെ തനിമയോടെ പരിലസിക്കാൻ സൗകര്യമുണ്ടാവുന്നത് വല്ലാത്തൊരു സുഖം തന്നെ!
മലയാള കവിത ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഭാഷയാണ് ഇതെന്ന് പറഞ്ഞുകൂടാ. എങ്കിലും ഈ ഇനത്തിലും താളത്തിലും തെളിമയിലും അത് മുമ്പുണ്ടായിട്ടില്ല. അതേ സമയം ഇതൊരു പരീക്ഷണമല്ല. ഒരു വിളവെടുപ്പാണ്. കടയ്ക്കും കതിരിനും നല്ല കനം! ഇത് കേരളീയ കവിത മാത്രമല്ല. ഭാരതീയ കവിതകൂടിയാണ്. ഇതിലൂടെ ഋഷിമാർ നമ്മോട് സംസാരിക്കുന്നു. നമുക്ക് വേണമെങ്കിൽ ഉറക്കം നടിച്ചു കിടക്കാം. ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ലെന്ന് പ്രമാണമുണ്ടെന്നു നാം കരുതുന്നു. എങ്കിൽ പക്ഷേ ഈ കവി അത് സമ്മതിച്ചു തരില്ല. ഞാൻ ഉണർത്താം എന്നതന്നെയാണ് ഭാരതവാക്യം പോലും! നമുക്കൊരു പാട്ട് ലോകത്തോട് മുഴുവൻ പാടിക്കേൾപ്പിക്കാനുണ്ട്. അത് ഈ യുഗത്തിന്റെ ആവശ്യമാണ്. പഠിച്ച്, പാടാനുള്ളത് പാടിത്തരികയാണ് ഡോ. കെ.ജി. ബാലകൃഷ്ണൻ എന്ന ഈ അനുഗൃഹീതൻ. ഞാൻ ഇതിനെ സന്തോഷത്തോടെ, അഭിമാനത്തോടെയും, ലോകസമക്ഷം സമർപ്പിക്കുന്നു.
01-06-2017                                                                              സി. രാധാകൃഷ്ണൻ


 

ഉൾക്കാഴ്ച

1          ഓർമ്മ
2          കനവോളം
3          ആവിവൻതോണി
4          വിശ്വാസം
5          യമകണ്ടകം
6          കിളിക്ക് ഹർത്താലില്ല
7          ഒരു തുള്ളി മലയാളം
8          ചക്രം
9          ഞാൻ
10        ശിവഗിരിയിലേക്ക്
11        രാധയുടെ പാട്ട്
12        രമണമൗനം
13        താ......
14        ശിക്ഷ
15        രമ്യം
16        പൂവഴക്
17        കാലമുറങ്ങും കാലം
18        ഇന്ന് ജനുവരി മുപ്പത്
19        കോശം
20        ഏഴിനാഴം
21        വനജ്യോത്സ്‌ന
22        ഇപ്പൂവ്
23        അതുല്യം
24        മാ
25        അലാതചക്രം
26        മേരാ ഭാരത് മഹാൻ!
27        കണ്ടുണ്ണി
28        രാപ്പകൽ
29        അച്ചുവട്
30        ഗ്രീഷ്മകാണ്ഡം
31        കയ്പമംഗളം
32        കാവ്യസൗഭഗം
33        സുധീരകാണ്ഡം
34        ഒഴുക്ക്
35        ചാർവ്വാകം
36        വിനീതവിധേയദാസൻ
37        ശരി
38        അളവ്
39        ഇരുളിടുക്കിൽനിന്ന്
40        അയ്യാണ്ടൻ തിരുവാറാട്ട്
41        ആരവം

 

 

 

1

ഓർമ്മ

1
വിണ്ണിലൊരു വെണ്ണക്കൽ-
ക്കൊട്ടാരമുണ്ട് പോൽ
കണ്ണിന് കുതൂഹലം
ചേതോഹരം.


2
ഏഴുനിലമാളിക;
ഏഴാഴി ചൂഴുന്ന
ഏഴാമറിവെന്ന
ഭാവരാഗം
ഓരോ നിമിഷമാ-
മാവേഗമന്ത്രമായ്
ആലോലമാടുന്ന
ലീലാവിശേഷമാ-
മാലോചനാമൃതം
മാത്രമായി

മാത്രയെഴാ മാത്ര-
സൂത്രമായാവർത്ത-
യാത്രയാം വൃത്ത-
വൃത്താന്തമായി

ഉർവശിമേനക-
രംഭ തിലോത്തമ-
മാരുടെ മാദക-
നൃത്തമായി

ചിത്രമെഴുതുവാ-
നാവാ സുഗന്ധമാം
ചിത്രചൈത്ര-
ചൈതന്യമായി

ഏഴല്ലെഴുനൂറു-
മേഴായിരം കോലു;
മേഴാം നിലയിൽ
നിറനിറഞ്ഞു-
തൂവും
നിറവിന്
സാരം!
അതാനന്ദ-
ധാരയാം
തീരാ-
നിറമെഴാ-
ക്കനവ് പോലും!

ഗുണമെഴാ
മണമെഴാ
നിനവ് പോലും!


3
പറവയുടെ പാട്ടിലും
പൂവിലും കാറ്റിലും
മധുരമധുരം പ്രേമ-
വായ്‌പിലും മേട്ടിലും
പുലരിക്കുളിരിലു-
മന്തിച്ചുവപ്പിലും
നിറമേഴുണരു-
മരുണകിരണത്തിലും

ആയിരമായിരം
നിറനിരനിറച്ചതിൽ
നറുനിലാത്തെളി-
യൊളി-
യൊളിപ്പിച്ച
കരുണയ-
തറിവായ്‌
നിറയും നിരാമയ-
നിറവ് പോലും!

പരമമാമവ്യയം;
ബ്രഹ്മസൂത്രം!
സ്വരബിന്ദുവായ്-
ച്ചമഞ്ഞാഴമാർന്നു-
ള്ളിന്റെ-
യുള്ളിലെ-
യൊന്നുമില്ലായ്മയിൽ
തിങ്ങിയറിവാം ചിര-
മൊരു വെറും
തോന്നലാമോർമ്മയായ്!
22-7-2016


 

2

കനവോളം

നവിന് കടലാഴം
മുഴുവൻ നുകരണം
തനതാം സുകുമാരം
മധുരം മുകരണം!

അവിടെയനന്തമാം
നീലനിർമ്മമലവ്യോമ-
ച്ഛവിയായ്
നിരാകാര-
നിത്യത്തിൻ
നിറക്കൂട്ടിനുറവാ-
യാനുനിമിഷമുണരും
മഹാമന്ത്രപ്പൊരുളിൽ;
നിരാമായ-
മൗനസത്യത്തിൽ
വിരാജിക്കും
സ്വരലയസൗഭഗം
നുണയണം!

 

2.
കനവാമെല്ലാമെല്ലാം!
മാനസസരോവരം
നിറയെ
സഹസ്രദളസുമം;
ഋഷിയുടെ
നാരായമുന കോറിയ
ചിത്രചിത്രണം;
സകലവും നുണ;
നേരൊന്നതിന്നോളം;
സർവ്വം!

3.
അവിടെ
സാക്ഷാൽ വാണീദേവി;
അറിവിൻ പൊൻവീണയി-
ലായിരം രാഗം;
സുരഭിലം;
പ്രണവധ്വനി;
നിത്യം!

 

 

 

അംബേ!
നീകനിഞ്ഞരുളുമീ-
*സൗന്ദര്യലഹരി!

 

കുറിപ്പ്:-
*ശ്രീശങ്കരൻ
25-9-16

 

3

"ആവിവൻതോണി"


ന്നുമെന്നും
മധുമാസമെങ്കിൽ-
പ്പിന്നെയെന്തിനായ്ക്കൺതുറക്കുന്നു
ചിത്രപേടകം; കാലമായ് വർണ്ണ-
ചിത്രലേഖം മെനയുന്നു ചേലിൽ!

നിത്യമെന്നും നിരന്തരമെന്നും
സത്യമെന്നും സമന്വയമെന്നും
കൃത്യമെന്നും കമനീയമെന്നും
ചിത്രണം; ചിരനർത്തനമെന്നും!
മാറി മാറി വരും നിമിഷത്തിൻ
നീറിൽ നിന്നുയിർക്കൊള്ളുന്ന
പുത്തൻ-
പൂനിലാത്തുള്ളി മാത്രമാണല്ലോ
നീ നിമേഷമാം നേരവൈചിത്ര്യം!

നീയുണരുന്നു നീളമാരുന്നു;
മേളമാടുന്നു ജാലമാളുന്നു;
നീയുറങ്ങുന്നു; രാവെന്നു ചൊന്നു;
മായയെന്നു മനീഷി മൊഴിഞ്ഞു.


നീളെ നീളെയണി നിരക്കുന്നു;
കാലമെന്ന് വിളിക്കുന്നു മർത്യൻ;
ഒന്നുകൂടി ചിരകാലമെന്നും;
ഒന്നനന്തം മെനയുന്നു ചെമ്മേ!

ഒന്നുമില്ല; പരിപൂർണമെന്നും;
ഒന്നുമൊന്നുമതെന്നും ധ്വനിക്കും
ശംഖനാദമതെന്നും ശ്രവിക്കും
സംഗമാർന്നു മധുരം സ്വദിക്കും!

എങ്കിലും വേണു പിന്നെയും മൂളും
പൊൻകിനാവുകൾ രാഗം കൊരുക്കും;
മംഗളശ്രുതിയൂതും; മിടിപ്പിൻ
ഗംഗ നേരിൻ
നിരന്തരം പെയ്യും!

ഭൂമി ചക്രം കറങ്ങും മനസ്സിൻ
"ആവിവൻതോണി"യേറും; പ്രകാശം;
നിത്യസത്യമായ് സൗന്ദര്യപൂരമായ്
ചിത്രചിത്രണം- സച്ചിദാനന്ദം!


കുറിപ്പ്:-
* ഗുരു
 3-8-2016