Thursday 7 November 2019

ക്ലീൻ & ഗ്രീൻ ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കമായി

രണ്ടായിരത്തി ഇരുപതോടെ പുതിയൊരു സാമൂഹികമുന്നേറ്റത്തിന് കുറിക്കുവാൻ തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ പതിമൂന്നാം വാർഡ് ഒരുങ്ങുന്നു. ക്ലീൻ & ഗ്രീൻ ഹരിത ഗ്രാമം ആരോഗ്യഗ്രാമം എന്ന ഒരു പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദത്തിന് പ്രാധാന്യം നൽകികൊണ്ടാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. പദ്ധതി ഉത്ഘാടനം ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ്, ഹരിത കേരള മിഷൻ, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിത സമൃദ്ധി, ക്ലബ്ബുകൾ, വായന ശാലകൾ, സന്നദ്ധ സംഘടനകളുടെയും സഹകരത്തോടെ ബഹുജന പങ്കാളിത്തത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.നവംബർ ഡിസംബർ മാസത്തോടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടി ആരംഭിക്കും പ്ലാസ്റ്റിക് കാരിബാഗുകൾ, പെറ്റ് ബോട്ടിലുകൾ, മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും കഴുകി വൃത്തിയാക്കിയും ലെതർ, ചെരുപ്പ്, സ്കൂൾ ബാഗുകളും പിന്നിട് എല്ലാ മാസവും ഹരിത കർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ വന്ന് ശേഖരിച്ചു കൊണ്ട് പോകും പിന്നിട് ഘട്ടം ഘട്ടമായി പഴം പച്ചക്കറി ഔഷധ സസ്യങ്ങൾ വാർഡിൽ നട്ടുപിടിപ്പിക്കും ഹരിത ഗ്രാമത്തിലൂടെ ആരോഗ്യമുള്ളൊരു ജനതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തളിക്കുളം കുടുംബരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആശ വർക്കർ, ആരോഗ്യ പ്രവർത്തകർ, വീടുകളിൽ വന്ന് ആരോഗ്യ ബോധവത്കരണം നടത്തി അസുഖ ബാധിതരുടെ എണ്ണം കുറച്ചു കൊണ്ട് വരുന്നതിനുള്ള പരിപാടിക്ക് തുടക്കം കുറിക്കും. പദ്ധതിയുടെ ഭാഗമായുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്ത് തളിക്കുളങ്ങര ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചു. മാലിന്യമുക്തമായ സമൂഹത്തിന് മാത്രമേ പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനം എന്ന പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിക്കാൻ കഴിയൂ. അതിനായുള്ള കർമ്മ പദ്ധതിയിൽ മുഴുവൻ ജനങ്ങളും ഓരോ മനസോടെ പ്രവർത്തിക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. നമ്മുടെ ഓരോരുത്തരുടെയും സമൂഹത്തിനോടുള്ള കടമ എന്താണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ എല്ലാതരത്തിലുമുള്ള പകർച്ചവ്യാധി അസുഖങ്ങളെയും ഇല്ലായ്മ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ആരോഗ്യ രംഗത്തെ നമ്പർ വൺ ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് മുൻതൂക്കം നൽകുമെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പി.എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ കെ.എ ഹാറൂൺ റഷീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി ഹനീഷ് കുമാർ, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോക്ടർ വി.സി കിരൺ, ജെ.എച്ച്.ഐ കെ.എ ജിതിൻ പദ്ധതിയുടെ കോ ഓർഡിനേറ്റർ ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്‌സ് ഇ.എം മായ,ഹരിത കേരളം പഞ്ചായത്ത്‌ കോ ഓർഡിനേറ്റർ ദിവ്യ ടി ശങ്കർ, മുൻ ജില്ല പഞ്ചായത്ത്‌ മെമ്പർ സി.എം നൗഷാദ്, ഷിഹാബ് വലിയകത്ത്, പി.കെ കാസിം, എൻ.മദന മോഹനൻ, പി.ഐ ഹനീഫ, കെ.എ മുജീബ് കുടുംബശ്രീ ADS മെമ്പർമാരായ നിർമല ചാണശ്ശേരി, കുൽസു സുലൈമാൻ, റംലത്ത് അഫ്സൽ, നിഷ മനോജ്‌, ജെസ്മി ജോഷി, ഷമീന മജീദ്, തുടങ്ങിയവർ സംസാരിച്ചു.

No comments: