Wednesday 6 November 2019

"ശിശിരോത്സവം-2019" നവംബർ 29 ന് ദമ്മാമിൽ അരങ്ങേറും.

ശൈത്യകാലത്തെ വരവേൽക്കാൻ ആഘോഷപരിപാടികളുമായി നവയുഗം; "ശിശിരോത്സവം-2019" നവംബർ 29 ന് ദമ്മാമിൽ അരങ്ങേറും. ദമ്മാം: നവയുഗം  സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായി ഒരുക്കുന്ന  "ശിശിരോത്സവം-2019", നവംബർ 29 ന് അരങ്ങേറും. ദമ്മാം ഫൈസലിയയിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ അരങ്ങേറുന്ന ശിശിരോത്സവത്തിൽ  വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികൾ അരങ്ങേറും. അതോടൊപ്പം പ്രവാസികൾക്ക് നോർക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട വിവിധങ്ങളായ സേവനങ്ങളും നവയുഗം ലഭ്യമാക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വിവിധങ്ങളായ മത്സര പരിപാടികൾ, ഫുഡ് ഫെസ്റ്റിവൽ, ചിത്രപ്രദർശനം, പുസ്തകപ്രദർശനവും വില്പനയും, മെഡിക്കൽ ക്യാമ്പ്, നോർക്ക ഹെൽപ്പ്ഡെസ്ക്ക്, കുടുംബസംഗമം, പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങൾ, സാംസ്ക്കാരിക സദസ്സ്, പുരസ്‌ക്കാര വിതരണം എന്നിവയാണ് ശിശിരോത്സവത്തിൽ ഉൾപ്പെടുത്തിയ പ്രധാന പരിപാടികൾ. കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ ശിശിരോത്സവ വേദിയിൽ കലാപ്രകടനങ്ങൾ അവതരിപ്പിയ്ക്കും. സ്ക്കൂൾ കുട്ടികൾക്കായി ക്വിസ്, ചിത്രരചന എന്നീ മത്സരങ്ങളും, വനിതകൾക്കായി പായസ മത്സരം, മൈലാഞ്ചി മത്സരം എന്നിവയും അരങ്ങേറും. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും സമ്മാനിയ്ക്കും. സാംസ്ക്കാരിക സംഗമത്തിൽ സൗദി അറേബ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ശിശിരോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിയ്ക്കും. 
പ്രവാസികൾക്കും കുടുംബങ്ങൾക്കും ഒരിയ്ക്കലും മറക്കാനാകാത്ത പ്രവാസലോകത്തിൽ ശിശിരത്തിന്റെ വർണ്ണങ്ങൾ വിതറുന്ന വിസ്മയസായാഹ്നം സമ്മാനിയ്ക്കുന്ന ആഘോഷപരിപാടിയാകും "ശിശിരോത്സവം-2019" എന്ന് സംഘാടക സമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളിയും, ജനറൽ കൺവീനർ ഷാജി മതിലകവും പത്രകുറിപ്പിൽ പറഞ്ഞു.

No comments: