> കേരളത്തിനു പുറത്തു നിന്നുള്ള 110 കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ
> 310-ലേറെ കോളേജ് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും
> 14 പ്ലീനറി സെഷനുകളും 8 സെഷനുകളുമുള്‍പ്പെടുന്ന ബൃഹദ് സമ്മേളനം
> ദേശീയതലത്തില്‍ നിന്നുള്ള 10 പേരുള്‍പ്പെടെ 50-ഓളം വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ പ്രഭാഷകര്‍ സെഷനുകള്‍ നയിക്കും
> ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്‍റെ ഇതിവൃത്തം
തൃശൂര്‍: സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്‍റെ (എസ്എപിസി) നാലാമത് ദേശീയ സമ്മേളനം നവംബര്‍ 8 മുതല്‍ 10 വരെ തൃശൂര്‍ റീജിയണല്‍ തീയറ്ററില്‍ നടക്കും. തൃശൂര്‍ ആസ്ഥാനമായി കേരളത്തിലുടനീളം 17 സെന്‍ററുകളോടെ പ്രവര്‍ത്തിക്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയറാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം എന്നതാണ് സമ്മേളനത്തിന്‍റെ ഇതിവൃത്തമെന്ന് ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പാലിയേറ്റീവ് കെയര്‍ അംഗവുമായ കെ.എം. നൂര്‍ദീന്‍, എസ്എപിസി സമ്മേളനത്തിന്‍റെ സയിന്‍റിഫിക് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ഡോ. ഗീതാ ജോഷി, എസ്എപിസി ഉപദേശക സമിതി അംഗം കേണല്‍ (റിട്ട.) ഡോ. യശ്വന്ത് ജോഷി, ആല്‍ഫ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍, എസ്.എ.പി.സി. പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ വീനസ് തെക്കല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിനു പുറത്തു നിന്നുള്ള 110 കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ 310-ലേറെ കോളേജ് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിനു പുറത്തുനിന്ന് വിദ്യാര്‍ത്ഥികളെത്തുന്നത്. ഗുജറാത്തില്‍ നിന്ന് 60-ലേറെ വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘം ഉള്‍പ്പെടെയാണിത്.രണ്ടാം ദിവസം വൈകീട്ട് നടക്കുന്ന ഔപചാരികമായ ഉദ്ഘാടന സമ്മേളനവും എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന 14 പ്ലീനറി സെഷനുകളും വിഷയങ്ങളനുസരിച്ച് വേര്‍തിരിഞ്ഞുള്ള 8 സെഷനുകളുമുള്‍പ്പെടുന്ന ബൃഹൃത്തായ രീതിയിലാണ് സമ്മേളനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും നൂര്‍ദീന്‍ പറഞ്ഞു. ദേശീയതലത്തില്‍ നിന്നുള്ള 10 പേരുള്‍പ്പെടെ 50-ഓളം വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ പ്രഭാഷകര്‍ സെഷനുകള്‍ നയിക്കും. ആല്‍ഫാ പാലിയേറ്റീവിന്‍റെ 15 സെന്‍ററുകളില്‍ നിന്നുള്ള 100-ലേറെ വരുന്ന വളണ്ടിയര്‍മാരും സ്റ്റാഫംഗങ്ങളും സമ്മേളനം നിയന്ത്രിക്കും. ആദ്യദിനമായ നവംബര്‍ 8-ന് രാവിലെ 8 മുതല്‍ 9:30 വരെ ആല്‍ഫ മോഡല്‍ പാലിയേറ്റ് കെയറിനെ സംബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അവതരണ പ്രഭാഷണങ്ങള്‍ നടക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തൃശൂര്‍ ജില്ലയിലെ ആല്‍ഫയുടെ 12 ലിങ്ക് സെന്‍ററുകളിലേക്ക് പോയി സ്റ്റാഫും വളണ്ടിയര്‍മാരുമുള്‍പ്പെടെ ഹോം കെയറില്‍ പങ്കെടുക്കും.രണ്ടാം ദിവസമായ നവംബര്‍ 9-ന് രാവിലെ 8-45-ന് ആല്‍ഫാ മോഡല്‍ പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. രാവിലെ 9 മുതല്‍ 9-30 വരെ പാലിയേറ്റീവ് കെയര്‍ എന്ത് എന്ന വിഷയത്തില്‍ ആദ്യത്തെ പ്ലീനറി സെഷന്‍ നടക്കും. അഹമ്മദാബാദ് കമ്യൂണിറ്റി ഓങ്കോളജി സെന്‍ററിലെ സിഇഒ ഡോ. ഗീതാ ജോഷി മുഖ്യപ്രഭാഷണം നടത്തുന്ന ഈ സെഷനില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ മുന്‍ പ്രസിഡന്‍റ് ഡോ. സുഖ്ദേവ് നായക്, കാന്‍സര്‍ എയിഡ് സൊസൈറ്റി സെക്രട്ടറിയു പിഇഒയുമായ ഡോ. പീയുഷ് ഗുപ്ത എന്നിവര്‍ അധ്യക്ഷത വഹിക്കും. 9:30 മുതല്‍ 10 വരെ പാലിയേറ്റീവ് കെയറില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് എന്ന വിഷയത്തിലെ പ്ലീനറി സെഷനില്‍ കെ. എം. നൂര്‍ദീന്‍ സംസാരിക്കും.10-30 മുതല്‍ 11 വരെ ജീവിതാന്ത്യ പരിചരണവും അതിന്‍റെ പ്രാധാന്യവും എന്ന വിഷയത്തിലെ പ്ലീനറി സെഷനില്‍ ഐഎപിസി മുന്‍ പ്രസിഡന്‍റ് സുഖ്ദേവ് നായക്, ഡെല്‍ഹിയിലെ കാന്‍സപ്പോര്‍ട്ടില്‍ നിന്നുള്ള ഡോ. റീനാ ശര്‍മ, എസ്എപിസി ബോര്‍ഡംഗം ഡോ. ജമീലാ പരീത് എന്നിവര്‍ അധ്യക്ഷരാകും. ആല്‍ഫാ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. ജോസ് ബാബു സംസാരിക്കും.11 മുതല്‍ 1130 വരെ മെഡിക്കല്‍ രംഗത്തെ ആശയവിനിമയ നൈപുണ്യം എന്ന വിഷയത്തിലെ പ്ലീനറി സെഷനില്‍ പാലിയം ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. എം.എം. സുനില്‍കുമാര്‍, ഗുജറാത്തിലെ യുഎന്‍എന്‍എടി ചെയര്‍മാനും എസ്എപിസി ബോര്‍ഡംഗവുമായ കേണല്‍ (ഡോ.) യശ്വന്ത് ജോഷി എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ വേര്‍തിരിഞ്ഞുള്ള സെഷനുകള്‍ നടക്കും. ഉച്ചഭക്ഷണത്തിനു ശേഷം 2-45 മുതല്‍ 4-15 വരെ പാലിയേറ്റീവ് കെയറില്‍ അധ്യാപകരുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പങ്ക് എന്ന വിഷയത്തിലുള്ള പ്ലീനറി സെഷന്‍ നടക്കും. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് ഡയറക്ടര്‍ പ്രൊഫ. (ഡോ.) പി കെ സുകുമാരന്‍ വിഷയാവതരണം നടത്തും. കോഴിക്കോട് സര്‍വകലാശാല സ്റ്റുഡന്‍റ് വെല്‍ഫയര്‍ ഡീന്‍ പി.വി. വത്സരാജന്‍ ഉദ്ഘാടനം ചെയ്യും.
4-15 മുതല്‍ 5-45 വരെ ബിസിനസ് ലീഡേഴ്സ് ഫോര്‍ പാലിയേറ്റീവ് കെയര്‍ എന്ന പ്ലീനറി സെഷന്‍ കല്യാണ്‍ ജ്വല്ലേഴ്സ് സിഎംഡി ടി എസ് കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി സിഎ രവി കണ്ണമ്പിള്ളി, ഡോ. കെ.കെ. മോഹന്‍ദാസ്, യുഎഇയിലെ ആല്‍ഫാ പാലിയേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റ് ഗിരീഷ് മേനോന്‍, പത്മശ്രീ ഡോ. ടി.എ. സുന്ദര്‍ മേനോന്‍, ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ. ഹസ്സന്‍, യുഎഇയിലെ ജിയോജിത് സെക്യൂരിറ്റീസ് ഇന്ത്യ, ബര്‍ജീല്‍ സെക്യൂരിറ്റീസ് ഡയറക്ടര്‍ കെ.വി. ഷംസുദ്ദീന്‍, തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ടി ആര്‍ വിജയകുമാര്‍, തൃശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സിഎ സോണി സി.എല്‍. എന്നിവര്‍ സംസാരിക്കും.രണ്ടാം ദിവസമായ നവംബര്‍ 9-ന് വൈകീട്ട് 6 ന് സമ്മേളനത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിയമസഭാ ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ എംഎല്‍എ നിര്‍വഹിക്കും. മേയര്‍ അജിത വിജയന്‍ മുഖ്യാതിഥിയായിരിക്കും. ചെയര്‍മാന്‍ കെ. എം. നൂര്‍ദീന്‍ അധ്യക്ഷത വഹിക്കും. എംപിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, എംഎല്‍എമാരായ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, വി.ആര്‍. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, ഡോ. ഗീതാ ജോഷി, ഡോ. സുഖ്ദേവ് നായക്, ഡോ. പീയുഷ് ഗുപ്ത, കേണല്‍ (ഡോ.) യശ്വന്ത് ജോഷി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നൃത്തപരിപാടി.സമാപന ദിവസമായ നവംബര്‍ 10-ന് വിവിധ സയന്‍റിഫിക് സെഷനുകളും വിദ്യാര്‍ത്ഥികള്‍ക്ക് പാലിയേറ്റീവ് കെയറില്‍ എന്തു ചെയ്യാം എന്ന ചര്‍ച്ചയും നടക്കും. ഉച്ചയ്ക്ക് 1-30 മുതല്‍ 2 വരെയാണ് സമ്മേളനത്തിന്‍റെ സമാപന സമ്മേളനം. നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മികച്ച വിജയം നേടിയ ആല്‍ഫ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി നൂര്‍ദീന്‍ പറഞ്ഞു.
No comments:
Post a Comment