Sunday 17 November 2019

"അംഗുലീയാങ്കം" ചാക്യാർ കൂത്തിന് ഞായറാഴ്ച മുതൽ തുടക്കമാകും.

തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡലമാസാചരണത്തിന്റെ ഭാഗമായി വൃശ്ചികം 1 മുതൽക്കു നടത്തി വരാറുള്ള  "അംഗുലീയാങ്കം" ചാക്യാർ കൂത്തിന് ഞായറാഴ്ച മുതൽ തുടക്കമാകും. ശക്തിഭദ്രകവിയുടെ  "ആശ്ചര്യചൂഢാമണി" സംസ്കൃത നാടകത്തിലെ ആറാമങ്കമായ അംഗുലീയാങ്കം തൃപ്രയാർ ക്ഷേത്രത്തിൽ ഭഗവാനു നേരിട്ടു കാണുന്നതിനായി മുഖമണ്ഡപത്തിലാണ് 12 ദിവസങ്ങൾ കൊണ്ട് അവതരിപ്പിച്ചു വരുന്നത്. കേരളത്തിൽ മുഖമണ്ഡപത്തിൽ കൂത്ത് അവതരിപ്പിക്കുന്ന രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രം. മറ്റൊന്ന് കണ്ണൂർ ജില്ലയിലെ മാടായിക്കാവ് ഭഗവതി ക്ഷേത്രമാണ്. ഇരു ക്ഷേത്രങ്ങളിലും സ്ഥാനികൾ "മാണി" ചാക്യാർ കുടംബമാണ്. മാണി വാസുദേവ ചാക്യാരാണ് ഇപ്പോൾ കൂത്ത് അവതരിപ്പിച്ചു വരുന്നത്. ഉച്ചപ്പൂജ നട തുറക്കുന്ന സമയത്ത് ഹനൂമത് വേഷത്തിൽ ചാക്യാർ തേവർക്കു മുന്നിൽ "കൂത്തു പുറപ്പാട്" നടത്തും. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്നു കരുതുന്ന അജ്ഞാത കർത്തൃകമായ "കോകസന്ദേശ" ത്തിൽപ്പോലും ക്ഷേത്രത്തിലെ കൂത്തിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
മിഴാവിന് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ നമ്പ്യാരും താളത്തിന് രാധാ നങ്ങ്യാരമ്മയും അകമ്പടിയാകും. ഇത്തവണ ഇതുവരെ ദേവസ്വത്തിന്റേതുൾപ്പടെ 20 വഴിപാട് കൂത്തുകളാണ് ഭക്തർ ശീട്ടാക്കിയിരിക്കുന്നത്. സത്സന്താനലബ്ധിക്കും ഐശ്വര്യത്തിനുമായിട്ടാണ് കൂത്ത് വഴിപാട് നടത്തുന്നത്. രാമായണത്തിലെ സുന്ദര കാണ്ഡം കഥാഭാഗമാണ്
ഭഗവാനു മുന്നിൽ അവതരിപ്പിക്കുന്നത്.

No comments: